സാമൂഹ്യ ചരിത്രം
“കൊടികുത്തിയ ഊര്” - അതാണ് “കൊടിയത്തൂര്‍”. ഇവിടെ കുത്താത്ത കൊടികളില്ല. ഇവിടെയില്ലാത്ത ചിന്താധാരകളുമില്ല. പുലവായി നാട്ടുരാജ്യത്തിന്റെ ഭരണത്തിന്‍ കീഴിലായിരുന്ന പന്നിക്കോട് അംശമാണ് ഇന്നത്തെ കൊടിയത്തൂര്‍ പഞ്ചായത്ത് എന്നു പറയാം. “പുലവായി നായന്മാര്‍” എന്നറിയപ്പെട്ടിരുന്ന നാട്ടുരാജാക്കന്‍മാര്‍, സാമൂതിരിയുടെ സാമന്തരും, കുറുമ്പ്രനാട് രാജാക്കന്മാരോടു വിധേയത്വമുള്ളവരുമായിരുന്നുവെന്ന് വില്യംലോഗന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ടിപ്പുസുല്‍ത്താന്റെ പടയോട്ടത്തിന് സാക്ഷ്യം വഹിച്ച നാടാണിത്. ജന്മി-നാടുവാഴി ദുഷ്പ്രഭുത്വത്തിനെതിരെ മലയാളമണ്ണില്‍ നടന്ന പോരാട്ടത്തില്‍ ഈ ഗ്രാമത്തിന്റെ പങ്ക് ചെറുതല്ല. സാമ്രാജ്യത്വ, ജന്മിത്വ ചൂഷണത്തിനെതിരെ പോരിനിറങ്ങി ജീവന്‍ ത്യജിച്ച 64 പേരുടെ സ്മാരകശിലകള്‍ ചെറുവാടിയിലെ വലിയ ജുമാ അത്ത് പള്ളി അങ്കണത്തില്‍ ഇന്നും കാണാം. ടിപ്പുസുല്‍ത്താന്റെ പീരങ്കിപ്പടയ്ക്കു കടന്നുപോകുന്നതിന്, ടിപ്പു നിര്‍മ്മിച്ച പ്രധാന റോഡുകളില്‍ രണ്ടാമത്തേതെന്നു പറയപ്പെടുന്ന മലപ്പുറം - താമരശ്ശേരി റോഡ് ഈ പഞ്ചായത്തിന്റെ ഹൃദയഭാഗത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ പ്രദേശത്തു പണ്ടുകാലം മുതല്‍ തന്നെ ജനവാസമുണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗത്തായി മുസ്ളീം സമൂഹവും, മധ്യഭാഗത്തായി ഹിന്ദു സമൂഹവും, പില്‍ക്കാലത്ത് കിഴക്കന്‍ മേഖലയില്‍ ക്രൈസ്തവസമൂഹവും കൂടുതലായി സ്ഥിരതാമസമാക്കുകയുണ്ടായി. വ്യത്യസ്തതയില്‍ നിന്നും ഉരുത്തിരിയുന്ന ഏകത്വത്തിലൂന്നിയ മൂന്നു സംസ്കൃതികളുടെ കൂട്ടായ്മയാണ്, ഈ പഞ്ചായത്തിന്റെ സാംസ്കാരികാടിത്തറ. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ അവസാനത്തെ പ്രസംഗത്തിനും അന്ത്യനിമിഷങ്ങള്‍ക്കും സാക്ഷിയായ ഈ കൊച്ചുഗ്രാമം, ദേശീയ രാഷ്ട്രീയ ഭൂപടത്തിലും, “മുബാഹല”യിലൂടെ ലോകമത ഭൂപടത്തിലും സ്ഥാനം പിടിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭദശകങ്ങളില്‍ കൊടിയത്തൂര്‍ ഗ്രാമം ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ രണഭൂവായി മാറിയിരുന്നു. ജന്മിത്വത്തിനെതിരെയുള്ള പോരാട്ടവും, ദേശീയ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപാന്തരപ്പെട്ടു. മതവൈജ്ഞാനിക മേഖലയില്‍ കൊടിയത്തൂരിന്റെ സ്ഥാനം അദ്വിതീയമായിരുന്നു. “കേരളത്തിലെ മക്ക”യെന്നു പ്രസിദ്ധി നേടിയ നാടാണ് കൊടിയത്തൂര്‍. 700 വര്‍ഷത്തിലധികം പഴക്കമുള്ളതാണ് കൊടിയത്തൂര്‍ ജുമാ അത്ത് പള്ളി. കൊത്തുപണികളാല്‍ അലംകൃതമായ ഈ പള്ളി നാട്ടിലെ ഏറ്റവും പഴക്കമേറിയ ചരിത്രസ്മാരകവുമാണ്. ഖിലാഫത്തു പ്രസ്ഥാനം ദേശീയ സ്വാതന്ത്ര്യസമരപ്രസ്ഥാനമായി മാറിയപ്പോള്‍, ചെറുവാടിയും സ്വാതന്ത്ര്യപോരാട്ടത്തിലേക്ക് എടുത്തുചാടുകയുണ്ടായി. ഖിലാഫത്തുപ്രക്ഷോഭത്തില്‍ 64 പേരാണ് ചെറുവാടിയില്‍ നിന്ന് രക്തസാക്ഷികളായത്. ഇത്രയും പേര്‍ സ്വാതന്ത്ര്യപോരാട്ടത്തിനു വേണ്ടി, ജീവന്‍ ബലിയര്‍പ്പിച്ച, മറ്റൊരു പ്രദേശം കോഴിക്കോട് താലൂക്കിലില്ല. ഐക്യകേരളപ്പിറവിക്കു ശേഷം കേരളക്കരയുടെ മറ്റു ഭാഗങ്ങളിലുണ്ടായ ദ്രുതഗതിയിലുള്ള പുരോഗതി, ചെറുവാടി പ്രദേശത്തുണ്ടായില്ലെന്നു പറയാം. പന്നിക്കോടിന്റെ നല്ലൊരു ഭാഗവും കാട്ടുപ്രദേശമായിരുന്നു. പന്നികള്‍ ധാരാളമായി ഉണ്ടായിരുന്നതുകൊണ്ടാവാം ഈ പ്രദേശത്തിനു പന്നിക്കോടെന്ന പേരു ലഭിച്ചത്. ജനങ്ങളധികവും കൃഷിക്കാരും, കുടിയാന്മാരും, ബാക്കി ജന്മികളുമായിരുന്നു. മലക്കാര്‍, പണിയര്‍ മുതലായ ആദിവാസികളും ഇവിടെ ജീവിച്ചിരുന്നു. നെല്ല് മാത്രമായിരുന്നു ആദ്യകാലത്തെ പ്രധാന വിളവ്. മറ്റു പ്രദേശങ്ങളില്‍ നിന്ന്, ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടു കിടന്നിരുന്ന പന്നിക്കോടിന്, ഗതാഗതരംഗത്ത് ജലമാര്‍ഗ്ഗം മാത്രമായിരുന്നു ഏക ആശ്രയം. വിദ്യാഭ്യാസത്തിനു വേണ്ടത്ര സൌകര്യമില്ലാതിരുന്ന ഈ പ്രദേശത്ത്, 1926-ലാണ് താലൂക്ക് ബോര്‍ഡിന്റെ കീഴില്‍ ഒരു ഏകാധ്യാപക സ്കൂള്‍ തുറന്നത്. ചെറുവക്കാട്ടില്ലം വക ഒരു ഒഴിഞ്ഞ പുരയിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. മുക്കം-അരീക്കോട് പാലങ്ങള്‍ വന്നതോടെയാണ്, മറ്റു ദേശങ്ങളുമായി ബന്ധപ്പെടാന്‍ പന്നിക്കോടിന് കൂടുതല്‍ അവസരം ഉണ്ടായത്. കൊടിയത്തൂരിലെ കാര്‍ഷിക പ്രധാനമായ കുടിയേറ്റ മേഖലയാണ് തോട്ടുമുക്കം. ചങ്ങനാശ്ശേരി കരിങ്ങാട വീട്ടില്‍ തോമസും മറ്റു ചിലരുമാണ് ഈ ഭാഗത്തെ ആദ്യ കുടിയേറ്റക്കാര്‍. കുടിയേറ്റം 1951 വരെ തുടര്‍ന്നു. ജലലഭ്യതയും അസംസ്കൃത പദാര്‍ത്ഥങ്ങളും വേണ്ടത്ര ലഭ്യമായിട്ടും, കൊടിയത്തൂര്‍ പഞ്ചായത്തിനു വ്യാവസായിക രംഗത്ത് കാര്യമായ പുരോഗതിയുണ്ടായില്ല. പഞ്ചായത്തില്‍ ഒരു വന്‍കിട വ്യവസായം പോലുമില്ല. ടിപ്പു സുല്‍ത്താന്റെ പീരങ്കിപ്പട കടന്നുപോകാന്‍ നിര്‍മ്മിച്ചതുള്‍പ്പെടെയുള്ള പ്രാചീനമായ റോഡുകള്‍ ഈ പഞ്ചായത്തിലുണ്ട്. കൊയിലാണ്ടി-അരീക്കോട് സ്റ്റേറ്റ് ഹൈവേ ഈ പഞ്ചായത്തിലൂടെയാണ് കടന്നു പോകുന്നത്.