സാംസ്കാരിക ചരിത്രം
കലാ-സാംസ്കാരിക രംഗത്ത് ഒരു മഹത്തായ പാരമ്പര്യം കൊടിയത്തൂരിനുണ്ട്. നാടന്‍ കവിസാമ്രാട്ടുകളും ഗായകരും പണ്ടുമുതലേ കൊടിയത്തൂരിലുണ്ടായിരുന്നു. മാപ്പിളപ്പാട്ടിന്റെ തനിമ അതിന്റെ ശരിയായ രൂപത്തില്‍ അവതരിപ്പിക്കാന്‍ ഇവിടത്തുകാര്‍ക്ക് കഴിഞ്ഞിരുന്നു. പ്രബുദ്ധത കൊടിയത്തൂരിന്റെ പ്രത്യേകത തന്നെയാണ്. വാദപ്രതിവാദങ്ങളും ഖണ്ഡത പ്രസംഗങ്ങളും ഇവിടെ നിത്യ സംഭവമാണ്. പഞ്ചായത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായ ചെറുവാടിയും ഒരു പുരാതന ഗ്രാമമാണ്. ചാലിയാറിന്റെയും, ഇരുവഴിഞ്ഞിപ്പുഴയുടേയും സംഗമതീരമെന്ന നിലയ്ക്ക് പുഴയുമായി ബന്ധപ്പെട്ട ഒരു ജീവിതസംസ്കൃതിയാണ് പണ്ടുമുതലേ ഇവിടത്തുകാര്‍ക്കുണ്ടായിരുന്നത്. പുഴ അവരുടെ ജീവിതാശ്രയമായിരുന്നു. പഴയകാലത്തെ ചായപ്പീടികകളും അങ്ങാടികളുമെല്ലാം പുഴയോരത്തായിരുന്നു. അക്കാലത്തെ സമ്മേളനങ്ങള്‍ക്ക് വേദിയായതും പുഴയുടെ തീരങ്ങള്‍ തന്നെ. സവാരി, ചങ്ങാടം, മീന്‍പിടുത്തം തുടങ്ങിയവയ്ക്ക് പുഴയെ ആശ്രയിച്ചപ്പോള്‍ കുറെ പേരെങ്കിലും കൂപ്പ് മരപ്പണിയുമായി ബന്ധപ്പെട്ട് മലകയറുന്നതും ഇവിടുത്തെ സമ്പ്രദായമായിരുന്നു. കൊടിയത്തൂര്‍ പഞ്ചായത്തിന്റെ മധ്യഭാഗത്തുള്ള പന്നിക്കോട് പ്രദേശം പ്രാചീന കാലഘട്ടം മുതലേ പ്രശസ്തമാണ്. സാമൂതിരിയുടെ സാമന്തന്മാരായ പുലവായി നായന്മാര്‍ പന്നിക്കോട് അംശം കേന്ദ്രീകരിച്ചായിരുന്നു ഭരണം നടത്തിയിരുന്നത്. പഞ്ചായത്തിനു വെളിയില്‍ സ്ഥിതി ചെയ്യുന്നതാണെങ്കിലും തൃക്കളയൂര്‍ ശിവക്ഷേത്രത്തിന്റെ സാന്നിധ്യം, ഈ പ്രദേശത്തിനെ ചരിത്ര പ്രാധാന്യമുള്ളതാക്കി മാറ്റുന്നു. ശിവപാര്‍വ്വതി പ്രതിഷ്ഠയുള്ള ശ്രീതൃക്കളയൂര്‍ ക്ഷേത്രത്തില്‍ നിന്ന്, പാര്‍വ്വതി ദേവിയെ പ്രത്യേകം ആവാഹിച്ച് ഉച്ചക്കാവില്‍ കുടിയിരുത്തിയതോടെ, ഉച്ചക്കാവ് ശ്രീഭഗവതിക്ഷേത്രം ഉദയം ചെയ്തു. തൃക്കളയൂര്‍ ക്ഷേത്രത്തിലെ പൂജാദികര്‍മ്മങ്ങള്‍ക്കും ക്ഷേത്രദര്‍ശനത്തിനും അന്യദിക്കുകളില്‍ നിന്നും നൂറ്റാണ്ടുകള്‍ക്കു മുമ്പെത്തിയ ബ്രാഹ്മണസമുദായക്കാരാണ് പന്നിക്കോട് ഭാഗത്ത് ആദ്യമായി അധിവാസമുറപ്പിച്ച ജനത. അങ്ങനെ ഈ ചെറിയ നദീതീരത്തും ഒരു സംസ്കൃതി ഉടലെടുക്കുകയായിരുന്നു. ചാലിയാറും, ഇരുവഴിഞ്ഞിയും, ചെറുപുഴയും ഗ്രാമത്തിന്റെ പ്രകൃതിദത്ത അതിരുകളാണ്. സാമൂതിരിയുടെ സാമന്തരാല്‍ ഭരിക്കപ്പെട്ടിരുന്ന പ്രദേശമായിരുന്നു ഇത്. കൃഷിയും കച്ചവടവുമായി എത്തിയ മുസ്ളീങ്ങള്‍, ആധ്യാത്മിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഏറനാട്ടില്‍ നിന്നത്തിയ പണ്ഡിത പരമ്പരയുടെ ശിക്ഷണത്തില്‍ പഞ്ചായത്തിന്റെ പടിഞ്ഞാറു പ്രദേശത്തിനെ സംസ്കാരസമ്പന്നമാക്കി. കൊടിയത്തൂര്‍, ചെറുവാടി, മുള്ളന്‍മട ജുമാമസ്ജിദുകള്‍ ഈ സംസ്കൃതിയുടെ പ്രഭവകേന്ദ്രങ്ങളാണ്. ഈ പഞ്ചായത്തില്‍ ആദ്യകാലത്ത് തന്നെ വായനശാലകളും ഗ്രന്ഥാലയങ്ങളും സ്ഥാപിതമായിരുന്നു. പന്നിക്കോട് യുവജന സംഘം ഗ്രന്ഥാലയം-വായനശാല ആണ് ആദ്യകാല ഗ്രന്ഥാലയം.